കേരളത്തിലെ ക്ഷേത്രാരാധനയില്‍ കാവുകള്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.കാവുകള്‍ നില നിര്‍ത്തുന്ന ത്തിലൂടെ വൃക്ഷങ്ങളും സസ്യ ലതാതികളും ജീവ ജാലങ്ങളും എന്ന് വേണ്ട ഒരു മുഴുവന്‍ പാരിസ്ഥിതിക ചുറ്റുപാട് ഒന്നടങ്കം വളരെ നന്നായി കേരളത്തില്‍ നില നിര്‍ത്തിയിരുന്നു എന്ന് കാണാം. പ്രകൃതിയോടു ഇണങ്ങി ജീവിച്ചു വന്ന ഒരു പ്രത്യേക ആരാധന സമ്പ്രദായം നമ്മുടെ പൂര്‍വികര്‍ നടപ്പിലാക്കിയിരുന്നു. വായു, വെള്ളം, വെളിച്ചം, ഭൂമി എന്ന് വേണ്ട , പ്രകൃതിയിലെ ഓരോ പരമാണുവിലും ഈശ്വരനെ ദര്‍ശിച്ച ഈ പാരമ്പര്യം , ഇതൊന്നും ഇല്ലാതെ മനുഷ്യ നിലനില്‍പ്പ്‌ സാധ്യമല്ല എന്നാ തത്വം ആധുനിക യുഗത്തിലും നമ്മളെ ഓര്‍മപ്പെടുത്തുന്നു.

കുടുംബ വ്യവസ്ഥ
പണ്ട് കാലത്ത് ഹിന്ദുമത വിശ്വാസം അനുസരിച്ച് എല്ലാ കുടുംബങ്ങളും കൂട്ട് കുടുംബങ്ങള്‍ ആയിരുന്നു. ഒരു തറവാട്ടില്‍ ഒരു പാട് പേര് ഒന്നിച്ചു ജീവിച്ചിരുന്ന കാലം. എല്ലാ തറവാട്ടിലും മച്ചകതമ്മയും പാമ്പിന്‍ കാവും കാണും. കാടും പടവും നിറഞ്ഞ പാമ്പിന്‍ കാവ്‌. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സര്പക്കാവും ദേവതാ സങ്കല്‍പവും നിലനിന്നിരുന്നത് എന്ന് ആലോചിക്കേണ്ട വസ്തുതയാണ്. ഈ ഈശ്വര സങ്കല്പം ഒക്കെ തങ്ങളുടെ ജീവിതത്തില്‍ നല്ലത് സംഭവിക്കാന്‍ വേണ്ടി ഉള്ള ഒരു ശ്രമമായി അവര്‍ കണ്ടു എന്ന് കാണാം.

സര്‍പ്പക്കാവുകളുടെ കുടുംബ പ്രസക്തി
ആദി കാലം മുതല്‍ക്കേ സർപ്പങ്ങൾ ഭൂമിയുടെ നാഥന്‍ മാരായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അനുഗ്രഹത്താല്‍ ആണത്രേ ഭൂമിയില്‍ മനുഷ്യന്‍ താമസിക്കാന്‍ തുടങ്ങിയത്.. അപ്പോള്‍ അവരോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ വേണ്ടിയായിരുന്നു നാഗങ്ങളെ കുടിയിരുത്തുകയും അവക്ക് നൂറും പാലും കൊടുത്ത് പൂജിക്കുകയും ചെയ്തിരുന്നത്.
കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും പവിത്രമായിരിക്കാന്‍ വേണ്ടിയുള്ള ഒരു ബോധപൂര്‍വ ശ്രമമായും ഇതിനെ കാണാന്‍ കഴിയും .. കാരണം സ്നേഹ ബന്ധങ്ങളില്‍ മുറിവേൽപ്പിക്കുന്നവരെ ശ്രദ്ധിക്കാനും ശിക്ഷിക്കാനും വേണ്ടി ഭഗവതിയും നാഗങ്ങളും നിലനില്‍ക്കുന്നു എന്നാ ദൃഡ വിശ്വാസം കുടുംബങ്ങളില്‍ നിലനിന്നിരുന്നു.

ആധുനിക കാലത്തും ജീവിതത്തിന്റെ പല ദുർഘട ഘട്ടങ്ങളും മനുഷ്യന് തരണം ചെയ്യാൻ സാധിക്കുന്നത് പ്രകൃതിയെ ആശ്രയിക്കുന്നത് കൊണ്ടാണ്. . പേടിച്ചു ജീവിക്കുകയല്ല വേണ്ടതെന്നും സ്നേഹിച്ചു പങ്കുവെച്ചു ജീവിക്കുകയാണ് വേണ്ടതെന്നുമുള്ള കണ്ടെത്തെല്‍ പുരാതന ഭാരത സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ് നാഗ പൂജകള്‍ എന്ന് കാണാം .. ഇന്നും ഇത്തരം കാവുകള്‍ നിലനില്‍ക്കുന്നതും അവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ.