കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ലയിലുള്ള ഒഞ്ചിയം പഞ്ചായത്തിലെ മണ്ണിയാട്ട് തറവാട്ടിന്റെ കുലദൈവമാണ് മണ്ണിയാട്ട് മച്ചില്‍ ദേവി. ഏകദേശം 200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഹിന്ദു നായര്‍ കുടുംബമാണ് മണ്ണിയാട്ട് തറവാട്. തറവാടിന്റെ കുലദേവത ഈ കുടുംബത്തിന്റെ മാത്രമല്ല ചുറ്റുമുള്ള മനുഷ്യ സമൂഹത്തിന്റെ മുഴുവനും സംരക്ഷകയായും ഐശ്വര്യത്തിന്റെ പ്രതീക ദേവതയായും ഇവിടെ കളിയാടുന്നു. മണ്ണിയാട്ട് ഭഗവതി എന്ന പേരിലാണ് ദേവി പൊതുവേ അറിയപ്പെടുന്നത്.

തെക്കിനിയകം
തറവാട് വീടിനകത്തു തന്നെയുള്ള ഒരു പ്രത്യേക മുറിയിലാണ് ഭഗവതിയെ കുടിയിരുതിയിരികുന്നത്. ഈ മുറിയെ തെക്കിനിയകം അല്ലെങ്കില്‍ തെക്കിയകം എന്ന പേരില്‍ വിളിക്കുന്നു. ഭഗവതി കുടുംബാംഗം പോലെ നിലനില്‍ക്കുന്ന വിശ്വാസമായതിനാലാണ് വീടിനുള്ളിലെ മുറിയില്‍ തന്നെ പൂജാ സങ്കല്പം ചെയ്തിട്ടുള്ളത് .
ഒരു വിഗ്രഹ പ്രതിഷ്ഠ ഇവിടെ കാണാൻ കഴിയില്ല. എങ്കിലും സവിശേഷമായ ഒരു പീഠം ദേവിയെ പ്രതിനിധാനം ചെയ്തു തെക്കിനിയകത്തിൽ നിലകൊള്ളുന്നു. പൂജകളും അടിയന്തിരവും നടത്തുമ്പോൾ മാത്രമാണ് പീഠം ഉപയോഗിക്കുന്നത്. സാധാരണ നിലയിൽ മച്ചിട്ട ഒരു മുകള്‍ ഭാഗവും താഴെ 2 വലിയ നിലവിളക്കും മാത്രമാണ് ഈ പൂജാ മുറിയില്‍ ദര്‍ശിക്കാന്‍ സാധിക്കുക. വെളിച്ചമാണ് ഈശ്വരന്‍ എന്നാ ആപ്ത വാക്യo അരുള്‍ ചെയ്യുന്നത് പോലെ , 5 തിരിയിട്ടു കത്തിക്കുന്ന നിലവിളക്കിനെ , അതിലെ പ്രകാശ പൂരിതമായ ഐശ്വര്യത്തെ , ഭഗവതിയായി സങ്കല്‍പ്പിച്ചു , ധ്യാനിച്ച്‌ പോരുന്നു.

ദൈനംദിന കര്‍മങ്ങള്‍
കുടുംബത്തിലെ കാരണവരായ സ്ത്രീ അതിരാവിലെ എഴുന്നേറ്റു സ്വയം ശുദ്ധി വരുത്തിയതിനു ശേഷം തെക്കിനിയകം വൃത്തിയാക്കുന്നു.  പിന്നീട് ദേവിക്ക് സമര്‍പ്പിക്കാനായി  ശുദ്ധ ജലവും പുഷ്പങ്ങളും അതാത് വസ്തുക്കളില്‍ ശേഖരിക്കുന്നു. അതിനു ശേഷം 5 തിരിയിട്ട വലിയ നിലവിളക്ക് കത്തിക്കുന്നു .
വലിയ വിളക്കില്‍ നിന്നും മറ്റൊരു ചെറിയ വിളക്കിലെക്ക് ദീപം പകര്‍ന്നു ഉമ്മറപ്പടിയില്‍ വെക്കുന്നതും പതിവാണ്. അതിനു ശേഷം ഗുളികന്‍ തറയിലെ ദീപം കൊളുത്തുകയും ഗുളികനെ ആരാധിക്കുകയും ചെയ്യുന്നു.